Kerala

Jyothisha

Parishath

സൗവർണ്ണികം

2022 ഇൽ പരിഷത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി "സൗവർണ്ണികം" എന്ന നാമധേയത്തിൽ പ്രസിദ്ധീകരിച്ച മാഗസിനിൽ പ്രസ്തുത മാഗസിൻ മുഖ്യപത്രാധിപരായ അഡ്വ. ഏ.യു. രഘുരാമൻ പണിക്കർ (കേരള ജ്യോതിഷ പരിഷത്ത് സംസ്ഥാന പ്രസിഡന്റ്) നൽകിയ സന്ദേശം (എഡിറ്റോറിയൽ).

   കേരള ജ്യോതിഷ പരിഷത്ത് 50 വർഷം പിന്നിടുകയാണ്. കാലങ്ങൾ കടന്നുപോകുമ്പോൾ ചിലത് നിലനിൽക്കുകയും, ചിലത് ഇല്ലാതാകുകയും ചെയ്യുന്നത് സ്വാഭാവികമാണല്ലോ. ഒരു പുരുഷായുസ്സിനോട് അടുത്തുകൊണ്ടിരിക്കുന്ന പരിഷത്തിന്റെ പ്രവർത്തനപഥത്തോട് ചേർന്ന് പ്രവർത്തിക്കുവാൻ നിയോഗം ലഭിച്ചിട്ടുള്ള ഒരാളാണ് ഞാൻ. അഗാധപാണ്ഡിത്യമുള്ള ഗുരുശ്രേഷ്ഠരാൽ, ജ്യോതിഷശാസ്ത്രത്തിനും സംസ്കൃത ഭാഷക്കും മൂല്യച്യുതി സംഭവിക്കുന്നത് അറിഞ്ഞുകൊണ്ടുതന്നെ ഈ വിഷയങ്ങളെ നാളെയും അത്യുജ്ജ്വലമായ ശോഭയാൽ ഇവിടെ നിറഞ്ഞു നിലനിൽക്കണമെന്ന ഉദ്ദേശ്യശുദ്ധിയാൽ രൂപീകൃതമായ ഒരു "ജ്ഞാനപീഠം" ആയിട്ടാണ് പരിഷത്തിന് പൂർവ്വസൂരികൾ തിരിതെളിച്ചത്.

വേദാന്ത, ജ്യോതിഷ സംസ്കൃത പഠനങ്ങളുടെ ആഴം തേടിവരുന്ന ഒരു വിദ്യാർത്ഥിയേയും പരിഷത്ത് നിരാശപ്പെടുത്തിയില്ല എന്നു മാത്രമല്ല, തങ്ങൾ ഉദ്ദേശിച്ചതിനും അപ്പുറം സ്വായത്തമാക്കുവാൻ കഴിഞ്ഞതിലുള്ള സന്തോഷവും അവർ മറച്ചുവയ്ക്കുന്നില്ല. അറിവിന്റെ വലിയ ഒരു വാതായനം തുറന്നു കൊടുക്കുവാൻ ഈ നാളുവരെ പരിഷത്തിന് കഴിഞ്ഞിട്ടുണ്ട്. അറിയുംതോറും സംശയങ്ങളും വർദ്ധിക്കുമല്ലോ - അതോടൊപ്പം ചിന്താധാരയും ഉർജ്ജസ്വലമായി പ്രവർത്തിക്കുമ്പോൾ കൂടുതൽ ജ്ഞാനത്തിനു വേണ്ടിയുള്ള ദാഹം സ്വാഭാവികമാണല്ലോ. എത്ര തുഴഞ്ഞാലും മറുകര കാണാത്ത പൗരാണിക ശാസ്ത്രശാഖകളിൽ ഒരു മനുഷ്യായുസ്സിൽ ഉൾക്കൊള്ളാനുള്ളത് പകർന്നു നൽകുകയാണ് കേരള ജ്യോതിഷ പരിഷത്തിലൂടെ.

ധാർമ്മിക ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റുന്ന അദ്ധ്യാപകർ, വിദ്യാർത്ഥികളുടെ ഏതു സംശയങ്ങൾക്കും നിവാരണവുമായ് കൂടുതൽ ശക്തിയോടെ മുൻപിലേക്ക് നയിക്കുകയാണ്. പാരമ്പര്യത്തിന്റെ വഴികളിൽ നന്മയുടെ ഒരു ഉൾക്കാഴ്ച കൂടി ഉണ്ടെന്നുള്ളത് എത്ര വാസ്തവമാണ്. ക്ലാസ്സുകളിലൂടെ, പ്രായോഗിക പരിചയ വർക്ക്ഷോപ്പുകളിലൂടെ, ചർച്ചകളിലൂടെ, പ്രബന്ധാവതരണങ്ങളിലൂടെ, വായനയിലൂടെ സ്വയം തിരുത്തലിലൂടെ ഒരു യഥാർത്ഥ ജ്യോതിഷി രൂപപ്പെടുന്നത് നമുക്കു ദർശിക്കാം - മുൻകാല പഠിതാക്കൾ ഇപ്പോഴും പരിഷത്തിന്റെ പ്രവർത്തനത്തിലൂടെ ആസ്വാദനം നേടുന്നു എന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണ് 'പരിഷത്ത് പൂർവ്വവിദ്യാർത്ഥി സംഘടന'. ഘർഷണം കൊണ്ട് പ്രോജ്ജ്വലിക്കുന്ന രത്നമായി മാറുകയാണ് ഓരോ വിദ്യാർത്ഥിയും ഇവിടെ.

   മനസ്സിന്റെ നന്മ നഷ്ടപ്പെടുത്താതെ സജ്ജനങ്ങളുമായി സഹവർത്തിയ്ക്കുവാനും പരിഷത്ത് വേദികൾക്ക് കഴിയുന്നു. നാനാവിഷയങ്ങളിൽ സ്വന്തം വ്യക്തിമുദ്രകൾ കൊത്തിവച്ച ശക്തമായ വ്യക്തിത്വങ്ങളെ പരിഷത്തിന്റെ പ്രവർത്തനങ്ങളോട് ചേർത്തുനിർത്തുവാൻ ശ്രമിക്കുമ്പോൾ അത്യാഹ്ലാദത്തോടെ ഇവർ പരിഷത്തിനോട് അലിഞ്ഞുചേരുന്നതും കാണാൻ സാധിക്കും. ഒരുപക്ഷേ പരിഷത്തിന്റെ ഉൾക്കാഴ്ച്ചയുടെ, നന്മയുടെ പ്രകാശമായിരിക്കാം ഇതിന് അവരെ പ്രേരിപ്പിക്കുന്നത്.

മുൻപേ നടന്നുപോയവരാൽ വെട്ടിയ വീഥികളിലൂടെ നടക്കുമ്പോഴും നൂതനകാലത്തിന്റെ തുടിപ്പുകൾ പരിഷത്ത് മനസ്സിലാക്കുന്നു എന്നതാണ് വസ്തുത. പൗരാണിക ശാസ്ത്രശാഖയ്ക്ക് നവീനതയുടെ പൂക്കൾ തുന്നിപ്പിടിപ്പിച്ചുകൊണ്ട്, കാലാനുസൃതമായ ഭാവഭേദങ്ങൾക്ക് വഴിയൊരുക്കുവാൻ പരിശ്രമിക്കുമ്പോഴും, എന്താണ് യാഥാർഥ്യമായത് എന്ന് മനസ്സിൽ ഉറപ്പിക്കുന്നുണ്ട് പരിഷത്ത് പ്രവർത്തകർ.

കാലത്തിന്റെ പരിലാളനങ്ങളാൽ പൂർണ്ണതയും, അപചയവും സംഭവിക്കുമ്പോൾ ജാഗരൂകമായി കണ്ണുതുറന്നു പ്രവർത്തിക്കുകയാണ് സംഘടന. പൗരാണിക ശാസ്ത്ര ശാഖകൾ നിലനിൽക്കേണ്ടത് വരുംതലമുറയുടെ ആവശ്യമാണെങ്കിൽ, അവയെ കേടുകൂടാതെ പരിലാളിച്ച് വരുംതലമുറകളിലേക്ക് പകരേണ്ടത് ഇന്നത്തെ ശാസ്ത്രത്തെ സ്നേഹിക്കുന്നവരുടെ കടമയാണ് എന്ന് മനസ്സിലാക്കുന്നു.

ജ്ഞാനമാണ് ശക്തിയെന്നും, ജ്ഞാനമാണ് അർത്ഥമെന്നും, ജ്ഞാനമാണ് വെളിച്ചമെന്നും സംശയലേശമെന്യേ ചിന്തിക്കുന്ന പ്രബുദ്ധരായ ജനങ്ങളാൽ പരിഷത്ത് തന്റെ കർമ്മപഥം ശുദ്ധി വരുത്തുകയാണ്. നേരിനോട് ചേർന്നുനിന്നുകൊണ്ട്, യാഥാർഥ്യത്തോട് ചേർന്നുനിന്നുകൊണ്ട് നമുക്ക് ഒന്നായി പ്രവർത്തിക്കാം. വരുംനാളുകളിൽ ജ്യോതിഷശാസ്ത്രം പ്രഥമഗണനീയ ശാസ്ത്രമായി മാറട്ടെ!