Kerala

Jyothisha

Parishath

ജ്യോതിഷം

ജ്യോതിഷത്തെ അറിയുക ഉപാസിക്കുക പ്രചരിപ്പിക്കുക – ആചരിക്കുക
സിദ്ധാന്തം – ഗണിതം – സംഹിതാ

ത്രുട്യാദിപ്രളയാന്തകാലകലനാ – മാനപ്രഭേദഃക്രമാ – ച്ചാരശ്ച ദ്യുസദാം ദ്വിധാ ച ഗണിതം പ്രശ്നാസ്തഥാ സോത്തരാ: I ഭൂധിഷ്ണ്യഗ്രഹസംസ്ഥിതേശ്ച കഥനം യന്ത്രാദി യത്രോച്യതേ സിദ്ധാന്തഃ സ ഉദാഹൃതോത്ര ഗണിതസ്കന്ധപ്രബന്ധായ ബുധൈ: II

ത്രുടിമുതൽ പ്രളയാന്തം വരെയുള്ള കാലഖണ്ഡങ്ങളുടെ സ്വരൂപം, സൗരകാലം, ഗ്രഹചാരം, മദ്ധ്യമഗ്രഹാനയനം, സ്പഷ്ടഗ്രഹാനയനം, ഗ്രഹചാരം, ഗ്രഹണങ്ങൾ, ഗ്രഹങ്ങളുടെ ഉദയാസ്തമയങ്ങൾ തമ്മിലുള്ള ബന്ധം, ഗ്രഹങ്ങളുടെ ഉദയാസ്തമയങ്ങൾ, ഭൂമി, ഗ്രഹം, നക്ഷത്രം എന്നിവയുടെ സ്ഥാനനിർണ്ണയ പരീക്ഷണങ്ങൾ, ഇതിനൊക്കെ ആവശ്യമായ കണക്കുകളുടെ ശുദ്ധീകരണത്തിനും സ്ഥിരീകരണത്തിനും ഉപയോഗിക്കുന്ന യന്ത്രങ്ങളുടെ നിർമ്മാണം, ഇതൊക്കെ പ്രതിപാദിക്കുന്ന ജ്യോതിഷശാസ്ത്രത്തിന്റെ വിഭാഗമാണ് സിദ്ധാന്തം എന്ന പേരിൽ അറിയപ്പെടുന്നത്.

ഈ സിദ്ധാന്തങ്ങളെ യുക്തിയുക്തം വിചാരം ചെയ്യുന്നതിനും ലക്ഷണയുക്തമായി വ്യാഖ്യാനിക്കുന്നതിനുമായി ഉപയോഗിക്കുന്ന ഗണിത പ്രക്രിയകളുടെ സമുച്ചയമാണ് ഗണിതസ്കന്ധമെന്ന വിഭാഗം. ഗ്രഹങ്ങൾക്കും നക്ഷത്രങ്ങൾക്കും ജനസമൂഹത്തിലുള്ള പ്രഭാവത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ജ്യോതിഷ വിഭാഗം സംഹിത എന്ന പേരിൽ അറിയപ്പെടുന്നു. സൂര്യാദിഗ്രഹങ്ങളുടെ വക്രം മുതലായ ഗതിവിഗതികൾ ഉദയാസ്തമയങ്ങൾ ഗ്രഹ യുദ്ധം നക്ഷത്രയോഗം വർഷാധിപത്യം എന്നിവയാൽ ജനങ്ങൾക്കുണ്ടാകുന്ന ശുഭാശുഭഫലങ്ങളെ സംഹിതാ വിഭാഗം വിചിന്തനം ചെയ്യുന്നു.

അതുപോലെത്തന്നെ സൂര്യചന്ദ്രന്മാരുടെ സമീപ മണ്ഡലം, ഉപസൂര്യകമണ്ഡലം, ഉൽക്കാപാദം, ദിക്ദാഹം, ഭൂകമ്പം, ചുഴലിക്കാറ്റ്, ഇന്ദ്രചാപം, സസ്യജന്മം, വാസ്തുവിദ്യ, ജലാന്വേഷണം, വൃക്ഷായുർവേദം, വെള്ളപ്പൊക്കം മുതലായ പ്രകൃതി ദുരന്തങ്ങൾ, സ്ത്രീപുരുഷ ലക്ഷണം, രത്ന പരീക്ഷ ഇത്തരത്തിൽ ആധുനിക മനുഷ്യ ജീവിതത്തിന് ആവശ്യമുള്ള എല്ലാ വിഷയങ്ങളും ജ്യോതിഷ ശാസ്ത്ര സംഹിതയിൽ വിശദീകരിക്കപ്പെടുന്നു. ശുഭാശുഭകാല ചിന്തനമായ മുഹൂർത്ത വിഷയവും സംഹിതയിൽ ഉൾപ്പെടുന്നു.

ചുരുക്കത്തിൽ ആധുനിക മനുഷ്യ ജീവിതത്തെ സ്വാധീനിക്കുന്ന ഭൗതികവും ആത്മീയവുമായ എല്ലാ വൈജ്ഞാനിക ശാഖകളും ജ്യോതിഷവുമായി ബന്ധപ്പെട്ടു കിടക്കുന്നു. അതിനാൽ ജ്യോതിഷത്തെ അറിയുക, ഉപാസിക്കുക, പ്രചരിപ്പിക്കുക, ആദരിക്കുക.

'ജ്യോതിഷം' പ്രപഞ്ചരഹസ്യങ്ങളെ വെളിച്ചപ്പെടുത്തുന്ന നിത്യനൂതന ശാസ്ത്രം

   ഭൗതീകവും ആത്മീയവുമായ എല്ലാ വൈജ്ഞാനിക മേഖലകളേയും ഊടും പാവുമായി നെയ്തെടുക്കുന്ന അപൂർവ്വ വ്യാഖ്യാന ശൈലിയാണ് ജ്യോതിഷത്തിന്റേത്. അതിന് കാരണം ജ്യോതിഷത്തിന് അടിസ്ഥാനം 'കാലം' എന്ന പ്രതിഭാസമാണ് എന്നത് കൊണ്ട് തന്നെയാണ്. കാലമെന്നത് മനുഷ്യബുദ്ധിക്ക് അതീതമായ ഒന്ന് തന്നെ. എങ്കിലും ദേശാവസ്ഥകളിലൂടെ കാലാനുഭവത്തെ വ്യവഹരിക്കുന്നതിന് മനുഷ്യൻ അനേകം മാദ്ധ്യമങ്ങളെ ആശ്രയിച്ചിട്ടുണ്ട്. ഭാഷാപരമായ കാലത്തിന്റെ 'സങ്കേത' ങ്ങളെ ആശ്രയിക്കാതെ ഒരു ശാസ്ത്രത്തിനും അതിന്റെ വൈജ്ഞാനികബിംബങ്ങളെ അവതരിപ്പിക്കുവാൻ കഴിയുകയില്ല. അതുപോലെ 'കാല' ത്തിന്റെ വ്യവഹാര സമീക്ഷകൾക്കായി ജ്യോതിഷത്തെ ആശ്രയിക്കാതെയും വയ്യ. 'തസ്മാദിദം കാലവിധാന ശാസ്ത്രം' എന്ന വാക്യം കൊണ്ട് 'ജ്യോതിഷം' എന്നത് അനന്തമായ 'കാല' ത്തെ മനുഷ്യബോധത്തിന്റെ യുക്തിവിചാരങ്ങളിലൂടെ ആവാഹിച്ച് പ്രപഞ്ചരഹസ്യങ്ങളെ വെളിച്ചപ്പെടുത്തുന്നതിന് വേണ്ടി രൂപപ്പെടുത്തിയ ശാസ്ത്രം എന്നുതന്നെ നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ഭൗതീകവും ആത്മീയവുമായ എല്ലാ ശാസ്ത്ര ചിന്തകൾക്കും അടിസ്ഥാനം 'കാല' മാണ് എന്നതിനാൽ എല്ലാ ശാസ്ത്ര അന്വേഷണങ്ങളും ജ്യോതിഷ വിചാരങ്ങളിലൂടെ കടന്നു പോകുന്നു.

"ഏക: ശബ്ദ: സുപ്രയുക്ത: സമ്യക്ജ്ഞാത: സ്വർഗ്ഗേലോകേ കാമധുക് ഭവതി"

ഒരു ശബ്ദം നന്നായറിഞ്ഞ് ഉചിതമായ സ്ഥാനത്ത് പ്രയോഗിച്ചാൽ സ്വർഗീയമായ എല്ലാ ഐശ്വര്യങ്ങളും അവനിൽ വന്ന് ചേരുന്നു എന്ന്, 'അഗ്നിപുരാണം' ഉഗ്ഘോഷിച്ചിരിക്കുന്നു. വാക്ക് ശുദ്ധമായിരിക്കേണ്ടതിന്റെ പ്രസക്തിയാണ് പ്രകൃതം. ബ്രഹ്മസ്വരൂപമായ സൂര്യനെയും ദേവതാസ്വരൂപങ്ങളായ ഗ്രഹങ്ങളെയും നമസ്കരിച്ചു കൊണ്ട് "സത്യാംകൂർവ്വന്തു ഭാരതീം" എന്ന പ്രാർത്ഥനയോടെ ഒരു ജ്യോതിഷിയിൽ നിന്നും ഉണർന്നൊഴുകുന്ന വാക്ക് ഈശ്വരീയമാണ്. സകല പ്രപഞ്ചത്തിലും നിറഞ്ഞു നിൽക്കുന്ന ആത്മസ്വരൂപമായ കാലം തന്നെയാണ് ശബ്ദരൂപമെടുത്ത് ജ്യോതിഷിയിൽ നിന്നും ഉണർന്നൊഴുകുന്ന വാക്ക് ഈശ്വരീയമാണ്. സകല പ്രപഞ്ചത്തിലും നിറഞ്ഞുനിൽക്കുന്ന ആത്മസ്വരൂപമായ കാലം തന്നെയാണ് ശബ്ദരൂപമെടുത്ത് ജ്യോതിഷിയിൽ നിന്നും വാക്കായി അവതരിക്കുന്നത്. അചഞ്ചലമായ ഭക്തിയും നിസ്വാർത്ഥമായ സമർപ്പണഭാവവും ഉത്സാഹശീലത്തോടെയുള്ള ശാസ്ത്രഗവേഷണവും ഏതൊരു ജ്യോതിഷിയിലാണോ സമന്വയിക്കപ്പെടുന്നത്, അദ്ദേഹം 'ദൈവജ്ഞൻ' എന്ന വാക്കിനെ സാർത്ഥകമാക്കുന്നു. അങ്ങിനെയുള്ളവരുടെ വാക്കുകൾ പറയുന്നവനേയും കേൾക്കുന്നവരെയും ഈശ്വരീയമായ അനുഗ്രഹങ്ങൾക്ക് പാത്രീഭൂതരാക്കുന്നു.

ജ്യോതിഷം ഒരിക്കലും പിഴയ്ക്കാത്ത മഹാശാസ്ത്രം

   പണ്ടുപണ്ട് പണ്ഡിതനെന്ന് സ്വയം അഭിമാനിച്ചിരുന്ന ഒരാൾ പ്രപഞ്ചസൃഷ്ടിയിൽ ദൈവത്തിന് സംഭവിച്ച പിഴവുകളെക്കുറിച്ച് ആലോചിച്ച് വലിയൊരു ആൽമരചുവട്ടിൽ കിടക്കുകയായിരുന്നു. അദ്ദേഹം ചിന്തിച്ചു, "ഈ ദൈവം എന്തൊരു വിഡ്ഢിയാണ്. നിലത്തു കൂടി പടരുന്ന വള്ളികളിൽ വലിയ വലിയ കായകൾ; മത്തങ്ങ, കുമ്പളങ്ങ ഇങ്ങനെയിങ്ങനെ, പക്ഷെ ഇത്രയും വലിയ ഈ ആൽമരത്തിൽ എത്രയോ ചെറിയ കായ. കഷ്ടം! ഞാനായിരുന്നു ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചിരുന്നതെങ്കിൽ ഈ വൈരുദ്ധ്യം ഉണ്ടാകുമായിരുന്നില്ല. വലിയ ആൽമരത്തിൽ വലിയ കായയും ചെറിയവകളിൽ ചെറിയ കായ്കളും സൃഷ്ടിക്കുമായിരുന്നു." ദൈവത്തിനു തെറ്റുപറ്റി എന്നു ചിന്തിച്ച് ആൽമരച്ചുവട്ടിൽ മലർന്നു കിടക്കുന്ന അദ്ദേഹത്തിന്റെ നെറ്റിയിലേക്കുതന്നെ ആൽമരത്തിന്റെ ഒരു കായ വന്നു വീണു.

പെട്ടെന്നയാൾ ചാടിയെഴുന്നേറ്റു ഒരു നിമിഷം വിറയ്ക്കുന്ന കൈകൾ കൂപ്പിക്കൊണ്ട് അയാൾ സ്തബ്ധനായി ആൽമരത്തിലേക്കു നോക്കി. തന്റെ മുഖത്തു വീണത് ആൽമരത്തിലെ ദൈവസൃഷ്ടിയായ ചെറിയ കായക്കു പകരം തന്റെ ഭാവനാസൃഷ്ടിയായ മത്തങ്ങ പോലെയോ കുമ്പളങ്ങ പോലെയോ ഉള്ള വലിയ കായായിരുന്നെങ്കിൽ!? ഇത്രയും ചിന്തിച്ച അയാൾ ഉറക്കെ വിളിച്ചു പറഞ്ഞു "ഈശ്വരാ അങ്ങയുടെ പ്രപഞ്ചസൃഷ്ടി എത്രയോ സത്യവും സൂക്ഷ്മവുമാണ്". അതുപോലെ ജ്യോതിഷം ഈശ്വരീയമാണ്. അതുകൊണ്ടുതന്നെ ശാശ്വതസത്യവും. ശാസ്ത്രത്തെ സംശയിച്ചുകൊണ്ടുള്ള ഭാവനകളാണ് പിഴവുകളായി മാറുന്നത്. അതിനാൽ നമുക്ക് സത്യത്തോട് ചേർന്നിരിക്കാം.

ജ്യോതിഷത്തെ അറിയുന്നതിലൂടെ ഈശ്വരനെ അനുഭവിക്കാം

“സൂര്യ ആത്മാ ദൃഗീശ്വര:”

   പ്രപഞ്ചത്തിലെ സൂക്ഷ്മചലനങ്ങളെ പോലും നിയന്ത്രിക്കുന്ന സൂര്യനും മറ്റു ഗ്രഹദേവതകളും ജ്യോതിഷോപാസനയിലൂടെ ദൈവജ്ഞനുചുറ്റും പ്രത്യക്ഷീഭവിക്കുന്നു. കാലപ്രമാണങ്ങളിലൂടെ ഓരോ ഭൂതസഞ്ചയങ്ങളിലും ഈശ്വരീയമായ ഈ സാന്നിദ്ധ്യത്തെ തിരിച്ചറിയുന്നതിലൂടെ ഒരു ദൈവജ്ഞൻ ഈശ്വരനെ തന്നെയാണ് സാക്ഷാത്കരിക്കുന്നത്. ഇന്നുകളും ഇന്നലെകളും നാളെകളും മാത്രമല്ല പ്രപഞ്ചസർഗ്ഗാരംഭം മുതലുള്ള കാല പരിണാമങ്ങൾ കൂടി അറിവായി പ്രകാശിക്കുന്നു. ഈ ക്രാന്തദർശിത്വം തന്നെയാണ് ഋഷിത്വം. "ഈശ്വരനെ അറിഞ്ഞ് ഈശ്വര സ്വരൂപങ്ങളായി നിറഞ്ഞ ഋഷിപരമ്പരകളുടെ അരുൾ വാക്കുകളാണ് ജ്യോതിഷമെന്ന മഹാശാസ്ത്രമായി രൂപപ്പെട്ടത്". അതു കൊണ്ടു തന്നെ ജ്യോതിഷത്തെ ഉപാസിക്കുന്നവർ ഈശ്വരന്റെ ഹൃദയത്തിൽ സുരക്ഷിതരാണ്.

ജ്യോതിഷ ചിന്തകൾ

പ്രപഞ്ചം ആവിർഭവിച്ചത് എന്ന്? പ്രപഞ്ചത്തിനും മുമ്പ് കാലമുണ്ടോ? സൂര്യാദിനവഗ്രഹങ്ങളിലൂടെ ഭൂമിയുടെ ആവിർഭാവം കണ്ടെത്താമോ? ഗോളങ്ങളുടെ ഭ്രമണം, പരിക്രമണം, പരസ്പരസ്വാധീനം, ഗ്രഹണം, ഉദയം, അസ്തമയം ഇവയെ അറിയുന്നതിലൂടെ ഭൂമിയിലെ പഞ്ചഭൂത പരിണാമങ്ങളുടെ കാരണം കണ്ടെത്താനാകുമോ?

ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം കണ്ടെത്തുവാനുള്ള മനനങ്ങളും ചർച്ചകളും ജ്യോതിഷശാസ്ത്രത്തിന്റെ കാലിക പ്രസക്തി വ്യക്തമാക്കുന്നു. ഒരർത്ഥത്തിൽ ജ്യോതിഷത്തിന്റെ ഈ ചിന്താധാരകൾ അനവധി ദാർശനിക തത്വചിന്തകൾക്ക് മാർഗ്ഗമൊരുക്കിയിട്ടുണ്ട്. ഭാരതീയ ജ്യോതിഷ ശാസ്ത്രപഠനം പൂർണ്ണമാകണമെങ്കിൽ ഭാരതീയ ദർശനങ്ങളുടെ ഭൂമികയിൽ നിന്നുകൊണ്ട് ജ്യോതിഷ സിദ്ധാന്തങ്ങളെ അപഗ്രഥനം ചെയ്യേണ്ടിയിരിക്കുന്നു.

ജാതകം

“ജാതകം ജന്മ തദധികൃത്യ കൃതോഗ്രന്ഥ:” ജനനത്തെ സൂചിപ്പിച്ച ഗ്രന്ഥം. ജനനകാലത്തിന്റെ സൂക്ഷ്മവും സ്ഥൂലവുമായ വ്യവഹാര സങ്കേതരൂപങ്ങളെ സൂചിപ്പിക്കുന്ന ഗ്രന്ഥമാണ് ജാതകം. ജനിച്ച ശിശുവിന്റെ ശാരീരികവും മാനസികവുമായ വളർച്ചയേയും ആ ശിശുവുമായി ചുറ്റപ്പെട്ട കാലദേശാദ്യവസ്ഥകളുടെ സ്വാധീനവും തദ്ദ്വാരാ സംഭവിക്കുന്ന ജീവിതപരിണാമങ്ങളും സൂര്യചന്ദ്രാദി ഗ്രഹങ്ങളുടേയും നക്ഷത്രങ്ങളുടേയും സ്ഥാനചലന സ്വഭാവ വ്യതിയാനങ്ങൾക്കനുസരിച്ച് വിസ്തരിക്കുന്ന ഗ്രന്ഥമാണ് ജാതകം.

ജാതകത്തിൽ പ്രവചിച്ചിരിക്കുന്നത് ഈശ്വരഹിതമാണെങ്കിൽ പരിഹാര ക്രിയകൾക്ക് എന്തു പ്രസക്തി? ഇത് പലരും ചോദിക്കാറുള്ളതാണ്. പക്ഷേ, നമുക്കു പോകേണ്ട വഴികളിൽ എവിടെയൊക്കെ അപകട സാധ്യത ഉണ്ടെന്ന് നേരത്തേ മനസ്സിലാക്കിയാൽ ആ മുൻകരുതൽ യാത്രയെ സുഗമമാക്കുക തന്നെ ചെയ്യും. മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് തോന്നിയാൽ കുടയെടുക്കാമല്ലോ എന്നു പറയുന്നതുപോലെ ജീവിതത്തിൽ ഉണ്ടാകാനിടയുള്ള നല്ല കാലങ്ങളേയും ചീത്തകാലങ്ങളേയും തിരിച്ചറിഞ്ഞ് ഈശ്വരനിൽ നിറഞ്ഞ ഭക്തി ഭാവത്തോടെ സൽക്കർമ്മങ്ങളനുഷ്ഠിച്ച് ജീവിതവിജയം കണ്ടെത്താൻ ജാതകവിചിന്തനം നല്ലൊരുപാധി തന്നെയാണ്.

ജ്യോതിഷജ്ഞാനം പരമാനന്ദം

“കർമ്മാർജ്ജിതം പൂർവ്വഭവേ സദാദി യത്തസ്യ പംക്തിം സമഭിവ്യനക്തി” “പൂർവ്വഭവേ സദാദി യത്കർമ്മ ആർജ്ജിതം തൽ പംക്തിം യാ സമഭിവ്യനക്തി സ ഹോരാ ഭവതി”.

   പൂർവ്വഭവത്തിൽ സദാദിയായിരിക്കുന്ന യാതൊരു കർമ്മം ആർജ്ജിതമായോ അതിന്റെ പംക്തിയെ യാതൊന്നു സമഭിവ്യങ്ങിപ്പിക്കുന്നുവോ അതു 'ഹോരയായി' ഭവിക്കും.

മുജ്ജന്മങ്ങളിൽ ഓരോവ്യക്തിയും ചെയ്തതായ സൽക്കർമ്മങ്ങളുടേയും ദുഷ്കർമ്മങ്ങളുടേയും പുണ്യപാപ ഫലാനുഭവങ്ങളുടെ സൂചകമാണ് 'ഹോരാ'.

പഞ്ചഭൂതാത്മക ശരീര പരിണാമങ്ങൾക്ക് സാക്ഷിയാണല്ലോ പരമാത്മാവായ 'ആദിത്യൻ'. ആ പ്രകാശത്തിന്റെ സാന്നിദ്ധ്യം ജീവനിൽ നിത്യമായി വർത്തിക്കുന്നു. എത്ര ശരീരങ്ങൾ മാറിമാറിയണിയുമ്പോഴും സാക്ഷിയായ സൂര്യനിലൂടെ ജീവന്റെ സാത്വിക താമസ രാജസ അവസ്ഥകൾ വ്യക്തമാക്കപ്പെടുന്നു.

“ആദിത്യാനാം അഹം വിഷ്ണു:”

വിഷ്ണുപദത്തിന് വ്യാപനശീലൻ എന്നാണർത്ഥം. അതുകൊണ്ടുതന്നെ വിഷ്ണു ആത്മാവാണ്. ജ്യോതിഷികളെ സംബന്ധിച്ചിടത്തോളം സൂര്യൻ എന്നത് കത്തിജ്വലിച്ചുകൊണ്ടിരിക്കുന്ന ഒരു ഗോളം മാത്രമല്ല, കിഴക്കുദിക്കുകയും പടിഞ്ഞാറസ്തമിക്കുകയും ചെയ്യുന്ന ഒരു നക്ഷത്രവിശേഷമെന്നും ആ പ്രതിഭാസത്തെ ലഘൂകരിക്കാൻ സാധിക്കുകയില്ല. സകല ചരാചരങ്ങളിലും ആത്മാവായി നിലകൊള്ളുന്ന മഹാസത്യമാണ് ... ജ്ഞാന സ്വരൂപമാണ് ... പരബ്രഹ്മമാണ് ... ആദിത്യൻ.

അനാദിയായ ബോധമാണ് പ്രപഞ്ചകാരണം. ആ അറിവുതന്നെയാണ് പ്രകാശമായി എങ്ങും നിറഞ്ഞു നിൽക്കുന്നത്. പരബ്രഹ്മമായ വിഷ്ണു തത്വത്തിലേക്കുള്ള ഉപാസനാമാർഗ്ഗമായി ജ്യോതിഷത്തെ സ്വീകരിക്കുന്നവർ എത്തിച്ചേരുന്നത് ഋഷീശ്വരന്മാർ അറിഞ്ഞ അനുഭവത്തിലേക്കു തന്നെയാണ്.

"അഹം ബ്രഹ്മാസ്മി!" “തത്ത്വമസി” “പ്രജ്ഞാനം ബ്രഹ്മ”